ജൂലൈ 21,ചാന്ദ്രദിനം

ജൂലൈ 21,ചാന്ദ്രദിനം


 

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി  ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആംസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.


"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്രദിനമായി ആഘോഷിക്കുന്നത്

https://youtu.be/eDERh0rcLBc

 

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌ . ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്‌ ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.

ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കുമ്പോൾ ദൃശ്യമാകുന്ന കറുത്ത പാടുകൾ മരിയ (Maria) എന്നറിയപ്പെടുന്നു. ലാറ്റിനിൽ കടലുകൾ എന്നാണ് ഈ വാക്കിനർത്ഥം. പുരാതന വാനനിരീക്ഷകർ ഇവ ചന്ദ്രനിലെ കടലുകളാണ് എന്നായിരുന്നു ധരിച്ചിരുന്നത്. പ്രാചീനകാലത്ത് ബാസാൾട്ട് ലാവകൾ ഉറച്ചുണ്ടായ സമതലങ്ങളാണ് അവ എന്ന് നിലവിൽ അറിയുന്ന കാര്യമാണ്. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ ടെറേ (Terrae) എന്നു വിളിക്കപ്പെടുന്നു, കറുത്ത പാടുകളായി കാണുന്ന മരിയയേക്കാൾ താരതമ്യേന ഉയർന്ന തലങ്ങളാണ് അവ. ചന്ദ്രോപരിതലത്തിൽ സമീപപക്ഷവശത്തുള്ള പ്രധാന പർവ്വതനിരകളെല്ലാം ഉൽക്കാപതനം മൂലമുണ്ടായ ഗർത്തതടങ്ങളുടെ വശങ്ങളിലാണ് നിലകൊള്ളുന്നത്.

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്‌.ചന്ദ്രഗ്രഹണം നടക്കുന്നത്‌ പൗർണ്ണമി ദിനത്തിലും സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്‌ പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌. ഇതുവരെ ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്‌ അപ്പോളോ 17 എന്ന വാഹനത്തിൽ സഞ്ചരിച്ച്, 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ൽ റഷ്യൻ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനിൽ നിന്ന്‌ പല ദൗത്യങ്ങളിലായി പാറക്കഷണങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ്‌ ചാന്ദ്രയാൻ.

ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ൽ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്‌ അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969-ൽ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്‌ പുറത്ത്‌ മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌

 

 

 



  
അനുബന്ധമായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ വീഡിയോ കാണുന്നതിനായി ഞങ്ങളുടെ യൂട്യൂബ് ചാനൽ subscribe ചെയ്യുക ,അതിനായി ഇതിനടുത്തു് കാണുന്ന YouTube എന്ന ചിത്രത്തിൽ തൊടുക.

Post a Comment

0 Comments