Touch here👆
പ്രവർത്തനം
കൃഷിക്കുപയോഗിക്കുന്ന ആധുനിക യന്ത്രങ്ങളുടെ പേരും ഉപയോഗവും എഴുതുക .
ട്രാക്ടർ - കലപ്പയ്ക്ക് പകരമായി ഇപ്പോൾ നിലം ഉഴുതുമറിക്കാൻ ട്രാക്ടർ ഉപയോഗിക്കുന്നു .കുറച്ചു സമയം കൊണ്ട് കൂടുതൽ സ്ഥലം ഉഴുതുമറിക്കാൻ ഇത് സഹായിക്കുന്നു .
പമ്പ്‌സെറ്റ് - തേക്കുകൊട്ടയ്ക്ക് പകരമായി ഉപയോഗിക്കുന്ന ആധുനിക യന്ത്രമാണ് പമ്പ്‌സെറ്റ് .കൃഷിസ്ഥലം നനക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.
കൊയ്‌ത്തുയന്ത്രം - പണ്ട് അരിവാൾ ഉപയോഗിച്ചാണ് കൃഷിസ്ഥലം കൊയ്തെടുത്തിരുന്നത് .എന്നാൽ ഇന്ന് കൊയ്‌ത്തുയന്ത്രങ്ങൾ ഉപയോഗിച്ചു വളരെ വേഗത്തിൽ കൃഷിസ്ഥലം കൊയ്‌തെടുക്കുന്നു.
*
*
*
പ്രവർത്തനം
കണ്ടുമുട്ടിയാൽ (പാഠപുസ്തകം പേജ് നമ്പർ -42)
നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും തമ്മിലുള്ള സംഭാഷണം എഴുതി തയ്യാറാക്കുക.
ആത്മകഥ
ഒരാൾ സ്വന്തം കഥ പറയുന്നതാണ് ആത്മകഥ .നെന്മണി ഉണ്ണിക്കുട്ടനോട് പറഞ്ഞ കഥ
നെന്മണിയുടെ ആത്മകഥ
ഉണ്ണീ , അങ്ങ് കിഴക്കൻ മലയുടെ അടിവാരത്തുള്ള ഒരു പാടത്തായിരുന്നു എന്റെ അമ്മ താമസിച്ചിരുന്നത് .പാടത്തു വിരുന്നു വന്ന തത്തമ്മ പെണ്ണിന്റെ ചുണ്ടിൽ കുടുങ്ങിയാണ് ഞാൻ ഇവിടെയെത്തിയത് .സ്വർണനിറത്തിലുള്ള ആ വിത്തിനുള്ളിൽ ഞാനുണ്ടായിരുന്നുവെന്ന് അവർക്കറിയില്ലായിരുന്നു .ഈ വയലിൽ എന്നെ അവർ കൊണ്ടിട്ടു .കുറച്ചുദിവസം ഞാൻ ഈ മണ്ണിൽ കിടന്നു .പുതുമഴ എന്റെ മേനിയിൽ തൊട്ടപ്പോൾ ഞാൻ പതുക്കെ മിഴികൾ തുറന്നു .സുന്ദരമായലോകം .പ്രഭാതസൂര്യൻ എന്നെ നോക്കി പുഞ്ചിരിച്ചു .എനിക്കുചുറ്റും എന്നെപ്പോലെ ധാരാളം പേർ .ഇവരൊക്കെ എങ്ങനെ ഇവിടെ വന്നു .ഞാൻ അത്ഭുതപ്പെട്ടുപോയി .അവരെയൊക്കെ ഒരു കർഷകൻ വിതച്ചതാണത്രേ .ആ തത്തമ്മ പെണ്ണിന് എന്നെ ഇവിടെത്തന്നെ കൊണ്ടിടാൻ തോന്നിയത് എന്റെ ഭാഗ്യം .എന്നെപ്പോലുള്ള കൂട്ടുകാരെത്തന്നെ കിട്ടിയല്ലോ .ദിവസങ്ങൾ കടന്നുപോകുംതോറും ഞാൻ വളരാൻതുടങ്ങി .എന്നിൽ ഇലകൾ വന്നു .നല്ല നീളമുള്ള പച്ചനിറത്തിലുള്ള ഇലകൾ .ഞാൻ കാറ്റിലാടി രസിച്ചു .ചേറിലുള്ള നിൽപ്പ് അത്ര സുഖകരമല്ല .പക്ഷെ ,വെള്ളമില്ലാതെ ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ .ഇവിടെ എനിക്ക് വേറെയും കൂട്ടുകാർ ഉണ്ട് .ആരൊക്കെയാണെന്നോ ?മത്സ്യങ്ങളും തവളകളും ഞണ്ടുകളും ഒക്കെ .സന്തോഷമുള്ള ദിവസങ്ങളായിരുന്നു അത് .ഞാൻ വീണ്ടും വളർന്നുകൊണ്ടിരുന്നു .എന്നിൽ സ്വർണനിറത്തിലുള്ള കതിരുകൾ വന്നു .അവ കൊത്തി തിന്നാൻ ധാരാളം പക്ഷികൾ വന്നു .ഞാനിന്ന് കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് അവർ പറയുന്നത് .എനിക്കും തോന്നിയിട്ടുണ്ട് .പക്ഷെ ഇന്ന് ഓരോ നിമിഷവും ഞാൻ പേടിച്ചുപേടിച്ചു കഴിയുകയാണ് .എന്താണെന്നോ .ഞങ്ങളുടെ തൊട്ടടുത്തുള്ള പാടമാകെ മണ്ണിട്ട് നിരത്തിക്കഴിഞ്ഞു .ഏത് നിമിഷവും ഞങ്ങളുടെ പാടവും മണ്ണിട്ട് മൂടും .അതിനുമുൻപ് കർഷകൻ വന്ന് എന്റെ നെന്മണികൾ കൊയ്തെടുത്താൽ മതിയായിരുന്നു .
ആത്മകഥ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*തലക്കെട്ട് ഉണ്ടാകണം
*സ്വന്തം അനുഭവം പറയുന്ന രീതി വേണം
*ജനനം മുതലുള്ള സംഭവങ്ങൾ ക്രമമായി പറയണം .
*ഞാൻ ,എന്റെ ,എനിക്ക് തുടങ്ങിയ വാക്കുകൾ പ്രയോഗിക്കണം .
*തുടക്കവും ഒടുക്കവും വേണം .
പ്രവർത്തനം
ആത്മകഥ (പാഠപുസ്തകം പേജ് നമ്പർ - 42 )
രാത്രി പത്തായതിനു മുകളിൽ പായവിരിച്ചു കിടന്ന ഉണ്ണിയോട് പത്തായം പതുക്കെ സ്വന്തം കഥ പറഞ്ഞുതുടങ്ങി .എന്തൊക്കെയായിരിക്കും പത്തായം പറഞ്ഞിട്ടുണ്ടാവുക ?
(നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ആത്മകഥയാണ് 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ')
ജീവചരിത്രക്കുറിപ്പ് - മുരളീധരൻ തഴക്കര
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്‌ക്കടുത്ത് തഴക്കരയിൽ 1959 ൽ ജനിച്ചു .നീണ്ട 28 വർഷം ആകാശവാണിയിലെ വയലും വീടും എന്ന പരിപാടിയിലൂടെ നമ്മുടെ കാർഷികകേരളത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം .വയലും വീടും എന്ന പരിപാടിയെ കർഷകരിലേക്ക് എത്തിച്ചതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു .പഴമൊഴിപ്പെരുമ ,കൃഷിയിലെ നാട്ടറിവ്, തേൻ നുകരാം പണം നേടാം ,വിളകൾ വന്ന വഴികൾ ,ഓർമയിലെ കൃഷിക്കാഴ്ചകൾ ,സ്‌മൃതി ഗന്ധികൾ പൂക്കുമ്പോൾ തുടങ്ങി പത്തോളം കൃതികൾ രചിച്ചീട്ടുണ്ട് .മികച്ച റേഡിയോ ഡോക്യൂമെന്ററി ക്കുള്ള ദേശീയ അവാർഡ് ,നാളികേരവികസന അവാർഡ് ,സംസ്ഥാന ശ്രവ്യ മാധ്യമ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു .1992 മുതൽ 2019 വരെ കോഴിക്കോട് ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു .ഫാം ജേർണലിസ്റ്റ് എന്ന നിലയിൽ രചനാത്മക പ്രവർത്തനങ്ങൾ നടത്തുന്നു .
0 Comments
Please do not enter any spam link in the comment box