യൂണിറ്റ് - 4
രസിതം
നെഹ്‌റുട്രോഫി വള്ളംകളി
കടങ്കഥകൾ  
*പച്ച കണ്ടു
പച്ച കൊത്തി
പൊന്നു കണ്ടു
പൊന്നു കൊത്തി
വെള്ളി കണ്ടു
വെള്ളി കൊത്തി
വെള്ളം കണ്ടു
ഉത്തരം - തേങ്ങ
*ചുറ്റോടുചുറ്റും മുള്ളുവേലി
അതിനകത്ത് ചള്ളുവേലി
അതിനകത്ത് പൊൻതവള
അതിനകത്ത് വെള്ളാരംകല്ല് (വെള്ളാങ്കല്ല്)
ഉത്തരം - ചക്ക
*തടി കണ്ടത്തിൽ തല കല്യാണപ്പന്തലിൽ
ഉത്തരം - വാഴ
*എല്ലാം തിന്നും എല്ലാം ദഹിക്കും
വെള്ളം കുടിച്ചാൽ ചത്തുപോകും
ഉത്തരം - തീ
 
*പിടിച്ചാൽ ഒരുപിടി ,അരിഞ്ഞാൽ ഒരു മുറം
ഉത്തരം - ചീര
*നാലുകാലുണ്ട് ,നടുവുണ്ട് ,മുതുകുണ്ട്,
നായക്കു തിന്നാൻ ഇറച്ചിയില്ല
ഉത്തരം - കസേര   
*ചുവന്ന സഞ്ചിയിൽ ചില്ലറ പൈസ 
ഉത്തരം - മുളക്
 
ഉത്തരമെഴുതാം
*ഏത് വിനോദത്തെക്കുറിച്ചാണ് ഈ പാഠഭാഗത്ത് പറഞ്ഞിരിക്കുന്നത് ?
വള്ളംകളി
*ഏതൊക്കെ ചുണ്ടൻ വള്ളങ്ങളാണ് ഈ വള്ളംകളിയിൽ പങ്കെടുത്തത് ?
നടുഭാഗം,നെപ്പോളിയൻ,ചമ്പക്കുളം,കാവാലം, പാർഥസാരഥി,നേതാജി,വലിയ ദിവാൻജി,മാമ്പിഴക്കരി
*പണ്ഡിറ്റ്ജി എത്തുമ്പോൾ അറുപത്തിമൂന്ന് കതിനാവെടികൾ പൊട്ടിച്ചത് എന്തിനെ സൂചിപ്പിക്കാനായിരുന്നു ?
പണ്ഡിറ്റ്ജിയുടെ വയസ്സിനെ സൂചിപ്പിക്കാൻ.
പുതിയപദങ്ങൾ
അക്ഷമരാവുക - ക്ഷമയില്ലാത്തവരാവുക
അതിഥി - വിരുന്നുകാരൻ \ വിരുന്നുകാരി
ആരവം - ശബ്‌ദം
ജയഘോഷം - ജയസൂചകമായ ആർപ്പുവിളി
നൗക - തോണി
മുഖരിതം - മുഴങ്ങുന്ന ,ശബ്‌ദമുള്ള   
ചുണ്ടൻവള്ളം
ആഘോഷങ്ങൾക്കായി രൂപകല്പന ചെയ്തീട്ടുള്ള പ്രത്യേകതരം വള്ളമാണ് ചുണ്ടൻവള്ളം .കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടൻവള്ളം .വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടൻവള്ളം .ചുണ്ടൻവള്ളത്തിന്റെ രൂപം പത്തി വിടർത്തിയ ഒരു പാമ്പിനെ അനുസ്‌മരിപ്പിക്കുന്നു .ചുണ്ടൻവള്ളങ്ങൾക്ക് 100 മുതൽ 150 അടിവരെ നീളമുണ്ടാകും .മൂന്ന് പലകകൾ കൂട്ടിച്ചേർത്ത് മെഴുകുരൂപത്തിലുള്ള ചെഞ്ചല്യം പശ ഉപയോഗിച്ചാണ് ചുണ്ടൻവള്ളം നിർമ്മിക്കുന്നത് .120 ആളുകൾക്ക് സഞ്ചരിക്കാം .
  
ചേർത്തെഴുതാം
എത്തി + പോയി = എത്തിപ്പോയി
ചാടി +കയറി =ചാടിക്കയറി
നോക്കി + കണ്ടു = നോക്കിക്കണ്ടു
ചീറി +പാഞ്ഞു =ചീറിപ്പാഞ്ഞു
നെഹ്‌റു ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി. കളിയോടങ്ങൾ മണ്ഡപത്തോട് അടുക്കാറായപ്പോൾ ആവേശം കൊണ്ട് അടുത്തുകിട്ടിയ ഒരു കസേരയിൽ ചാടിക്കയറി .തുഴക്കാരുടെ ആയത്തിനൊപ്പിച്ച് അദ്ദേഹം താളം ചവിട്ടി.
2. 'പുന്നമടക്കായലിലെ കൊച്ചോളങ്ങൾ പോലും പുളകച്ചാർത്തണിഞ്ഞു '.എപ്പോൾ ?
ഇന്ത്യയുടെ പ്രധാനമന്ത്രിയെയും വഹിച്ചുകൊണ്ട് നടുഭാഗം ചുണ്ടൻ മുന്നോട്ടാഞ്ഞു.അദ്ദേഹം പുന്നമടക്കായലിലൂടെ ഒരു ഉല്ലാസയാത്ര നടത്തി .മറ്റു ചുണ്ടൻ വള്ളങ്ങളും നിരവധി ബോട്ടുകളും ആ യാത്രയ്‌ക്ക് അകമ്പടി സേവിച്ചു. അപ്പോൾ ആർപ്പുവിളികളും ആരവങ്ങളും കൊട്ടും പാട്ടുമെല്ലാം മുഴങ്ങി. അതുകേട്ട് പുന്നമടക്കായലിലെ കൊച്ചോളങ്ങൾ പുളകച്ചാർത്തണിഞ്ഞു .
3. പദങ്ങൾ കണ്ടെത്താം
വേഗത ,ശബ്ദം ,സന്തോഷപ്രകടനം എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങൾ പാഠഭാഗത്തുനിന്നും കണ്ടെത്തുക
*വേഗതയെ സൂചിപ്പിക്കുന്ന പദങ്ങൾ
ചീറിപ്പായുക
ഇരമ്പിക്കുതിച്ച്
മിന്നൽവേഗത്തിൽ
പറന്നുവന്നത്
ഇടിമിന്നൽമാതിരി
*ശബ്‌ദത്തിനെ സൂചിപ്പിക്കുന്ന പദങ്ങൾ
അത്യുച്ചത്തിൽ  
 
ആരവങ്ങൾ
  
*സന്തോഷപ്രകടനത്തെ സൂചിപ്പിക്കുന്ന പദങ്ങൾ
ജയഘോഷം
ആഹ്ലാദാരവം
ഹർഷാരവം
തുള്ളിച്ചാടി
  
ആർപ്പുവിളി
നെഹ്റുട്രോഫി വള്ളംകളി
1952 ഡിസംബർ 27 ന് നെഹ്‌റുവിന്റെ സാന്നിധ്യത്തിൽ ആദ്യത്തെ വള്ളംകളി നടന്നു. ഡൽഹിയിലെത്തിയശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻവള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുകൊടുത്തു.ഈ മാതൃകയാണ് വിജയികൾക്ക് നൽകുന്ന നെഹ്‌റുട്രോഫി.തുടക്കത്തിൽ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നാണ് ഈ വള്ളംകളി അറിയപ്പെട്ടിരുന്നത് .1969 ജൂൺ ഒന്നിന് കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരസൂചകമായി നെഹ്റുട്രോഫി വള്ളംകളി എന്ന് ഈ ജലമേളയ്‌ക്ക് പേരുനൽകി .പിന്നീട് നെഹ്റുട്രോഫി വള്ളംകളി ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയിലേക്ക് മാറ്റപ്പെട്ടു .ഇത് നടക്കുന്നത് പുന്നമടക്കായലിൽ ആണ് .
വാക്യം നിർമിക്കാം (പേജ് - 56)
നാന്ദി കുറിക്കുക
* ആ വരവേല്പ് ഒരു ജലമേളയ്‌ക്കു നാന്ദി കുറിച്ചു .
* ഉത്സവത്തിന് നാന്ദി കുറിച്ചുകൊണ്ട് കൊടിയേറ്റം നടന്നു
 
അക്ഷമരാവുക
*കാത്തിരിപ്പ് ആരംഭിച്ചിട്ടു മണിക്കൂറുകൾ ആയെങ്കിലും ആരും അക്ഷമരായില്ല .
*നാടകം തുടങ്ങാൻ വൈകിയപ്പോൾ കാണികൾ അക്ഷമരായി.
ലക്ഷ്യസ്ഥാനം
*അപ്പോഴേക്കും ചുണ്ടൻവള്ളങ്ങൾ ലക്ഷ്യസ്ഥാനത്തെ സമീപിക്കാറായിക്കഴിഞ്ഞിരുന്നു .
*നന്നായി പരിശ്രമിച്ചാൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.
തത്സമയ വിവരണം (ദൃക്‌സാക്ഷി വിവരണം)
ഒരു മത്സരം (സംഭവം ) നടക്കുമ്പോൾ തന്നെ നേരിൽ കണ്ടുകൊണ്ടിരിക്കുന്ന ആൾ നൽകുന്ന വ്യക്തമായ വിവരണം ആണ് ദൃക്‌സാക്ഷി വിവരണം.
ദൃക്‌സാക്ഷി വിവരണം നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം .
*അനുയോജ്യമായ ഭാഷ ഉപയോഗിക്കണം .
*കേൾക്കുന്ന ആൾക്ക് സംഭവം നേരിൽ കാണുന്ന പോലെ തോന്നണം .
*ചടുലമായ ഭാഷാപ്രയോഗങ്ങൾ വേണം.
*ലളിതവും ആസ്വാദ്യകരവുമായ ഭാഷയാണ് ഉപയോഗിക്കേണ്ടത് .
സൂക്ഷ്മാംശങ്ങൾ വിട്ടുപോകാതെ വിവരണം തയാറാക്കണം .
പാഠപുസ്തകം പേജ് നമ്പർ 52 ലെ പാഠഭാഗം ദൃക്‌സാക്ഷി വിവരണരൂപത്തിൽ എഴുതാം .
പുന്നമടക്കായലിലെ ഓളങ്ങളെ പുളകച്ചാർത്തണിയിച്ച് ഞാൻ മുമ്പേ....ഞാൻ മുമ്പേ.... എന്ന് വിളിച്ചറിയിച്ച് ജലരാജാക്കന്മാർ ഫിനിഷിങ് പോയന്റിലേക്ക് കുതിക്കുകയാണ്.ആയിരമായിരം കാണികളും തുഴക്കാരും മുഴക്കുന്ന തിത്തിത്താരാ തിത്തെയ് തക തെയ് തെയ് തോം എന്ന വായ്‌ത്താരികളാൽ അന്തരീക്ഷം മുഖരിതമാകുന്നു .ഇഞ്ചോടിഞ്ചു പോരാട്ടം...ആരാണ് ഒന്നാമതെത്തുക .കാവാലം ചുണ്ടനോ ,പാർത്ഥസാരഥിയോ ,അതോ നടുഭാഗം ചുണ്ടനോ... ഒന്നും പ്രവചിക്കാൻ ആവുന്നില്ല .ഇതാ കാവാലം ചുണ്ടൻ മറ്റെല്ലാ ചുണ്ടൻവള്ളങ്ങളേയും പിന്തള്ളി അല്പം മുന്നേറിക്കഴിഞ്ഞു .കാവാലം ചുണ്ടനിലെ തുഴക്കാർ വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് .പക്ഷെ ,വിജയം തങ്ങൾക്കാണ് എന്ന് പ്രഖ്യാപിച്ച് നടുഭാഗം ചുണ്ടൻ പാഞ്ഞടുക്കുന്നു... മറ്റുവള്ളങ്ങളെ പിന്തള്ളി മുന്നേറ്റത്തിന് തയാറാവുകയാണ് .അല്പം പിന്നിൽ നിന്നിരുന്ന മറ്റുവള്ളങ്ങളും കളി അവസാനിക്കാറായപ്പോഴേക്കും ഒരേ നിരപ്പിൽ വന്നുകഴിഞ്ഞു...അതെ...ഒരേ നിരപ്പിൽ വന്നുകഴിഞ്ഞു...ഓരോ തുഴയെറിയുമ്പോഴും ആവേശത്തിന്റെ പൂത്തിരി കത്തിച്ച് ചീറിപ്പായുന്ന വള്ളങ്ങളോടൊപ്പം ആർപ്പുവിളികൾ കൊണ്ട് ഇരുകരകളും ഇളകിമറിയുന്നു .തിത്തെയ് തക തെയ് തെയ് തോം....അതെ... അതെ... നടുഭാഗം ചുണ്ടൻ വിജയം ഉറപ്പിച്ചിരിക്കുന്നു .
ചേർത്തെഴുതാം (പേജ് നമ്പർ - 54)
നവഭാരത ശില്പി - ജവഹർലാൽ നെഹ്‌റു
ഇന്ത്യയുടെ വാനമ്പാടി - സരോജിനി നായിഡു
ഇന്ത്യയുടെ പൂങ്കുയിൽ - ലതാ മങ്കേഷ്‌കർ  
ഏഷ്യയുടെ പ്രകാശം - ശ്രീബുദ്ധൻ
വിളക്കേന്തിയ വനിത - ഫ്ലോറൻസ് നൈറ്റിംഗേൽ
കേരളസിംഹം - പഴശ്ശിരാജ
ജലോത്സവങ്ങളുടെ നാടാണ് കേരളം .നെഹ്‌റു ട്രോഫി വള്ളംകളിയെക്കൂടാതെ കേരളത്തിൽ നടക്കുന്ന മറ്റ് വള്ളംകളികൾ.
*ഉത്രട്ടാതി വള്ളംകളി
(ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ സമീപത്തുള്ള പമ്പാനദിയിലാണ് ഉത്രട്ടാതി വള്ളംകളി നടക്കുന്നത് .)
*പായിപ്പാട്ട് ജലോത്സവം
*ചമ്പക്കുളത്തെ മൂലം വള്ളംകളി
ചുണ്ടൻ വള്ളങ്ങളെക്കൂടാതെ മറ്റ് വള്ളങ്ങളും വള്ളംകളിയിൽ പങ്കെടുക്കുന്നുണ്ട് .
ചുരുളൻ വള്ളം,ഇരുട്ടുകുത്തി വള്ളം,വെപ്പുവള്ളം തുടങ്ങിയവ .
 
പള്ളിയോടങ്ങൾ - ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്ന വള്ളങ്ങൾ ആണ് പള്ളിയോടങ്ങൾ.കാഴ്ചയിൽ ചുണ്ടൻ വള്ളങ്ങൾ പോലെയുണ്ടാകും.ചുണ്ടൻ വള്ളങ്ങളേക്കാൾ നീളം കുറവും വീതി കൂടുതലുമാണ്.100 പേർക്ക് കയറാം .ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ജലോത്സവമാണ് ആറന്മുള വള്ളം കളി .
വഞ്ചിപ്പാട്ട്
തുഴച്ചിലുകാരുടെ അദ്ധ്വാനഭാരം ലഘൂകരിക്കുന്നതിനും കൂടുതൽ ഉത്സാഹം ലഭിക്കുന്നതിനും വള്ളംകളി മത്സരങ്ങളിൽ വഞ്ചിപ്പാട്ട് പാടുന്നു .
കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവ് ?
രാമപുരത്തുവാര്യർ .
സംഘം ചേർന്ന് കളിക്കുന്ന കളികളുടെ പേരുകൾ എഴുതുക .
ക്രിക്കറ്റ്
കാൽപ്പന്തുകളി
കള്ളനും പോലീസും
ഒളിച്ചുകളി
 
മാണിക്യച്ചെമ്പഴുക്ക
കബഡി
ചീട്ടുകളി
ഹോക്കി
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക .
ജോൺ കുന്നപ്പിള്ളി
1939 ജനുവരി 12 ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ ജനിച്ചു.പത്രപ്രവർത്തകനായിരുന്നു .ബാലസാഹിത്യം ,നോവൽ ,കഥ എന്നീ വിഭാഗങ്ങളിലായി രചനകൾ നടത്തിയീട്ടുണ്ട് .നെഹ്രുട്രോഫി വള്ളംകളി എന്ന പാഠഭാഗം എടുത്തിരിക്കുന്നത് 'തെയ് തെയ് 'എന്ന ബാലസാഹിത്യ കൃതിയിൽ നിന്നാണ് .കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിടുണ്ട് .1973 ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു .പ്രധാന കൃതികൾ :മിസ് സെലിൻ ,അവിവാഹിത ,ബെന്നി (കഥകൾ ),ഖെദ്ദ ,പുതിയ പുലരി (ബാലസാഹിത്യം ).2016 ൽ അന്തരിച്ചു .
 


 
 
 
 
 
0 Comments
Please do not enter any spam link in the comment box